ON AIR കേരള ഡൈജസ്റ്റ്

Monday, November 27, 2023

മഞ്ച സ്കൂൾ തയ്യാറാക്കിയ അംബേദ്കർ പാരായണം മമ്മൂട്ടി പ്രകാശനം ചെയ്തുനെടുമങ്ങാട് മഞ്ച ഗവ.വി.എച്ച്.എസ്.എസ് ഫോർ ബോയ്സ് തയ്യാറാക്കിയ 'അംബേദ്കർ പാരായണം' ഓഡിയോ ബുക്ക് ദേശീയ ഭരണഘടനാദിനത്തിൽ ചലച്ചിത്ര നടൻ മമ്മൂട്ടി പ്രകാശനം ചെയ്തു. 1980കളിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഉപപാഠപുസ്തകമായിരുന്ന 'ഡോക്ടർ അംബേഡ്കർ' എന്ന ഉപപാഠപുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ശബ്ദപുസ്തകം ഒരുക്കിയത്. വിദ്യാർത്ഥികൾ, അധ്യാപകർ, പൂർവവിദ്യാർത്ഥികൾ, മറ്റ് സ്കൂളുകളിലെ അധ്യാപകർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങി നിരവധി പേരുടെ ശബ്ദത്തിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. കുട്ടികളുടെ കൂട്ടായ്മയായ ഫ്രൈജിയും റേഡിയോ മഞ്ചയും സാമൂഹ്യശാസ്ത്ര ക്ലബും ആണ് പാരായണ പരിപാടി സംഘടിപ്പിച്ചത്. എഴുത്തുകാരനും വിവർത്തകനുമായ വി.ആർ.സന്തോഷ് പുസ്തകത്തിന്റെ കവർ ഒരുക്കി. സ്കൂൾ ബ്ലോഗിലെ www.bhsmancha.blogspot.com/p/ambedkar.htmlഎന്ന ലിങ്കിൽ നിന്ന് ശബ്ദപുസ്തകം കേൾക്കാനാവും. 2023ൽ മഞ്ച സ്കൂൾ പുറത്തിറക്കുന്ന മൂന്നാമത്തെ ഓഡിയോ ബുക്കാണ് ഇത്.

Sunday, November 26, 2023

രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

രാജ്യത്തിന്റെ അവയവമാറ്റ ചരിത്രത്തില്‍ ആദ്യമായി ഒരു ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. ഇന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. അമ്മയാണ് മകന് വൃക്ക നല്‍കിയത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. വൃക്ക നല്‍കിയ 50 വയസുള്ള അമ്മയും സ്വീകരിച്ച 28 വയസുള്ള മകനും സുഖമായിരിക്കുന്നു. രാജ്യത്തിന്റെ തന്നെ ആരോഗ്യ മേഖലയിലെ ഒരു ചരിത്ര സന്ദര്‍ഭമാണിത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഴുവന്‍ ടീമംഗങ്ങളെയും അഭിനന്ദിച്ചു.എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിന് അടുത്തിടെ അനുമതി നല്‍കിയിരുന്നു. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനാണ് രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കേഷനും നല്‍കിയത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ അര കോടി രൂപയോളം ചെലവഴിച്ച് അത്യാധുനിക സംവിധാനങ്ങളൊരുക്കിയാണ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കിയത്.

Friday, October 27, 2023

വരക്കാഴ്ച്ചയുടെ വർണ്ണ വിസ്മയം തീർത്ത സിംഗപ്പൂർ മലയാളി


കേരളക്കരക്ക് അഭിമാനമായി സിംഗപ്പൂരിലൊരു ചിത്രകാരി. കലാകാരായ മലയാളികളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും മലയാളികൾക്ക് മടിയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം എങ്കിലും അതിൽ വ്യത്യസ്തരാണ് സിംഗപ്പൂർ മലയാളികൾ എന്ന് പല തവണ തെളിയിച്ചിട്ടുള്ളതാണ്.  കഴിഞ്ഞ കുറെ വർഷക്കാലമായി സിംഗപ്പൂരിലും പുറത്തും നടത്തപ്പെട്ട വിവിധ ചിത്രകലാ പ്രദർശനങ്ങളിൽ ശ്രദ്ധിക്കപ്പെട്ട കലാകാരിയാണ് ജലീല നിയാസ് എന്ന ചിത്രകാരി. Tranquil Essence എന്ന പേരിൽ 
രണ്ടാഴ്ച നീളുന്ന ജലീല നിയസിന്റെ solo exhibition സിംഗപ്പൂർ ജന്റ്റിംഗ് ലേനിലെ മായാ ഗാലറിയിൽ ഈ മാസം 14 മുതൽ 28 വരെയാണ് നടക്കുന്നത്. 

സിംഗപ്പൂർ Ministry of Home Affairs and Ministry of National Development ഡോ.മുഹമ്മദ് ഫൈസൽ ഇബ്രാഹിം ആണ് പ്രദർശനത്തിന്റെ മുഖ്യ അതിഥി ആയി എത്തിയത്. ചിത്രരചനയിൽ എന്നും സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന കലാകാരിയാണ് തിരുവനന്തപുരം സ്വദേശിനിയായ ജലീല നിയാസ്. ഭർത്താവ് നിയാസിനും മക്കൾ ലിയാനക്കും റയാനും ഒപ്പം സിംഗപ്പൂരിൽ താമസിക്കുന്ന ജലീല നിയാസ് സിംഗപ്പൂർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തി വരാറുള്ള 'വർണ്ണം' എക്സിബിഷൻ ഉൾപ്പെടെ  സിംഗപ്പൂരിലും മറ്റു 20 രാജ്യങ്ങളിലായി നൂറ്റി മുപ്പതോളം പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കൂടാതെ നിരവധി പുരസ്‌കാരങ്ങളും നേടുകയുണ്ടായി. MSc BEd ബിരുദ ധാരിയായ ജലീല Total eBiz Solutions Singapore എന്ന കമ്പനിയിൽ ബിസിനസ് അനലിസ്റ്റ് ആയി ജോലി ചെയ്യുന്നതിനൊപ്പമാണ് ചിത്രകലയും പെയിന്റിങ്ങും ചെയ്യുന്നത്.

Friday, September 15, 2023

ജലമോഷണം അറിയിക്കുന്നവർക്ക് 5000 രൂപ വരെ പാരിതോഷികം നൽകാൻ വാട്ടർ അതോറിറ്റി

 


വാട്ടര്‍ കണക്ഷനുകളിലെയും പൊതുടാപ്പുകളിലെയും ജല ദുരുപയോഗവും ജലമോഷണവും യഥാസമയം ബന്ധപ്പെട്ട വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിക്കുന്ന പൊതുജനങ്ങള്‍ക്ക്‌ പ്രോത്സാഹനമായി പാരിതോഷികം നല്‍കാൻ കേരള വാട്ടർ അതോറിറ്റിയുടെ തീരുമാനം. ജലദുരുപയോഗത്തിനും മോഷണത്തിനും ചുമത്തുന്ന പിഴയുടെ 10% (പരമാവധി 5000 രൂപ) പാരിതോഷികമായി നല്‍കും. ഇത്തരം വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ അതോറിറ്റി രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. വിവരം വാട്ടര്‍ അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പര്‍ ആയ 1916-ല്‍ വിളിച്ചറിയിക്കാവുന്നതാണ്‌. ജലമോഷണം തടയുന്നതിന്റെ ഭാഗമായി നല്‍കുന്ന പാരിതോഷികങ്ങള്‍ ഉപാധികള്‍ക്കധിഷ്ഠിതമായിരിക്കും കേരള വാട്ടര്‍ അതോറിറ്റിയിലെ സ്ഥിര- താല്‍ക്കാലിക (കുടുംബശ്രീ, എച്ച്‌.ആര്‍ ഉള്‍പ്പടെ) ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പാരിതോഷികത്തിന് അർഹരല്ല. പിഴത്തുക അതോറിറ്റിക്കു ലഭ്യമാകുന്ന മുറയ്ക്കുമാത്രമേ പാരിതോഷികങ്ങള്‍ നല്‍കുകയുള്ളു. വീഡിയോ, ഫോട്ടോ എന്നിവ തെളിവായി അതത്‌ ഡിവിഷനിലെ എക്സിക്യൂട്ടിവ്‌ എന്‍ജിനീയരുടെ മൊബൈല്‍ നമ്പറിലേക്കോ, 9495998258 എന്ന നമ്പറിലേക്കോ, rmc2internal@gmail.com എന്ന ഇമെയിലിലേക്കോ അയയ്ക്കേണ്ടതാണ്‌. കൃത്യമായ ലൊക്കേഷന്‍ നല്‍കുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളു. 1916-ല്‍ കിട്ടുന്ന പരാതികള്‍ ഉടന്‍ തന്നെ എക്സിക്യൂട്ടിവ്‌ എന്‍ജിനീയര്‍ക്കു കൈമാറും. എക്സിക്യൂട്ടിവ്‌ എന്‍ജിനീയര്‍മാര്‍ പരാതി ലഭിച്ച് 24 മണിക്കൂറിനകം വിശദവിവരങ്ങള്‍ അതോറിറ്റിയിലെ റവന്യു മോണിട്ടറിങ് വിഭാ​ഗത്തെ ഇമെയില്‍ മുഖേന അറിയിക്കണം.

കേരള വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ താരിഫ്‌ ലിറ്ററിന്‌ ഒരു പൈസ നിരക്കില്‍ വര്‍ധിപ്പിച്ചതിനു ശേഷം  കുടിശ്ശികയുള്ള കണക്ഷനുകളുടെ എണ്ണത്തിൽ വര്‍ധനയുണ്ടായിട്ടുണ്ട്.  കുടിശ്ശിക വരുത്തുന്ന വാട്ടര്‍ കണക്ഷനുകളുടെ വിച്ഛേദന നടപടികള്‍ 2023 ഏപ്രിൽ ഒന്നു മുതൽ കർശനമാക്കിയിട്ടുണ്ടെങ്കിലും  വിച്ഛേദന നടപടികളെത്തുടർന്ന് ശുദ്ധജല ദുരുപയോഗവും ജലമോഷണവും കൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന ഈ കാലഘട്ടത്തില്‍ ജലദുരുപയോഗം തടയേണ്ടത്‌ പൊതുസമൂഹത്തിന്റെ കൂടെ കടമയാണെന്ന അവബോധം സൃഷ്ടിക്കുന്നതിനായാണ് ജലമോഷണം അറിയിക്കുന്നവർക്ക് പാരിതോഷികം ഏർപ്പെടുത്താൻ വാട്ടർ അതോറിറ്റി തീരുമാനിച്ചത്.

Thursday, September 14, 2023

വാഗമൺ ഗ്ലാസ് ബ്രിഡ്ജിന്റെ എൻട്രി ഫീസ് കുറച്ചു

 


വാഗമൺ ഗ്ലാസ് ബിഡ്ജിന്റെ  എൻട്രി ഫീസ് കുറച്ചതായി വിനോദ സഞ്ചാര വകുപ്പ് മന്ത്രി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. 500 രൂപയില്‍ നിന്നും 250 രൂപയാണ് കുറച്ചത്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണിലെ അഡ്വഞ്ചർ പാർക്കിൽ ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജ് ഇതിനകം തന്നെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും നിളം കൂടിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയിൽ സഞ്ചാരികൾ കൗതുകത്തോടെയാണ് വാഗമണിലേക്ക് എത്തുന്നത്. ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടന വേളയിലും പിന്നീട് സോഷ്യൽമീഡിയയിലൂടെയും നിരവധി പേർ എൻട്രി ഫീസ് കുറക്കാനാവശ്യമായ ഇടപെടൽ നടത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. തുടർന്ന് ഇപ്പോൾ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവേശന ഫീസ് 500 രൂപയിൽ നിന്നും 250 രൂപയായി കുറക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

 

 
 
വീഡിയോ കടപ്പാട് - കൈരളി ന്യൂസ്